കശ്മീർ വിഷയം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, രാജ്യസഭ വിപ് ഭുവനേശ്വര്‍ കലിത രാജിവച്ചു

ന്യൂഡൽഹി:ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭ വിപ് ഭുവനേശ്വര്‍ കലിത രാജിവച്ചു.

രാജ്യത്തിന്റെ വികാരം മാറിയെന്നും അത് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും ആരോപിച്ചാണ് ഭുവനേശ്വര്‍ രാജിവെച്ചത്. കശ്മീര്‍ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നും കലിത പറയുന്നു. രണ്ട് ദിവസം മുന്‍പ് ബില്ലിനെപ്പറ്റി അറിയിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്ന് തൃണമുല്‍ നേതാവ് ഡെറക് ഒബ്രീന്‍ പറഞ്ഞു.

രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള പ്രഖ്യാപനം നടത്തിയത്.രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു. രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിക്കുകയായിരുന്നു.

കശ്മീര്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുകയാണ്. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ജമ്മു-കശ്മീര്‍ ഇനി മുതല്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം വന്‍ പ്രതിഷേധത്തിലാണ്.

Top