Assam: CM Sonowal asks for inquiry into video of boy carrying brother’s dead body on bicycle

ദിസ്പൂര്‍: ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും സഹോദരന്റെ മൃതദേഹം യുവാവിന് സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിക്കേണ്ടി വന്നു.

അസം മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയില്‍ നിന്നാണ് കളഹന്ദിയില്‍ ദനാ മാജിയ്ക്ക് നേരിട്ട ദുരവസ്ഥയ്ക്ക് സമാനമായ വാര്‍ത്ത.

സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി മുളകൊണ്ടുണ്ടാക്കിയ പാലത്തിലൂടെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന യുവാവിന്റെ വേദനിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സ്വന്തം ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഈ മുളപാലം. വീട്ടില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് യുവാവ് മൃതദേഹവുമായി സ്വന്തം ഗ്രാമായ ലൂയിത് ഖബാലുവിലേക്ക് തിരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് പാലമില്ലാത്തിനാല്‍ മരിച്ചവരേയും രോഗികളേയും മേഖലയിലെ വീടുകളിലേക്ക് ആംബുലന്‍സില്‍ എത്തിക്കുക പ്രയാസമാണെന്നും അധികൃതര്‍ പറഞ്ഞു.

വീഡിയോ വിവാദമായതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ബിജെപിയുടെ വികസന വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് യുവാവിന് നേരിട്ട ദുരനുഭവം. ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംസ്ഥാനത്തെ ആദ്യത്തെ വൈഫൈ ജില്ലയായി മാജുളിയെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

മേഖലയിലേക്ക് ആംബുലന്‍സ് വരാറില്ലേ എന്ന് ചോദിച്ചപ്പോള്‍ യുവാവിന്റെ ബന്ധുവിന്റെ മറുപടി ‘വരാറില്ല. ഇവിടെ മികച്ച റോഡുകളില്ല. പാലങ്ങളെല്ലാം മോശം അവസ്ഥയിലാണ്’.

ഒരു വര്‍ഷത്തോളമായി അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. വികസനമായിരുന്നു വാഗ്ദാനം. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാം കാപട്യമായിരുന്നു. ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് മാജുളിക്കാര്‍ക്ക് സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥന.

Top