തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിലേക്ക് വരും: ഹിമന്ദ് ബിശ്വ ശർമ്മ

ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ. കോൺ​ഗ്രസിലെ ജനാധിപത്യവാദികൾ തരൂരിന് വോട്ട് ചെയ്തവരാണെന്നും അവർ ഉടനെ ബിജെപിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

“കോൺ​ഗ്രസിലെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണുന്നതിന് മുമ്പേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശശി തരൂരിന് വോട്ട് ചെയ്യാൻ ധൈര്യം കാണിച്ച 1000 പേരാണ് കോൺ​ഗ്രസിലെ യഥാർത്ഥ ജനാധിപത്യവാദികൾ. അവർ ബിജെപിയിലേക്ക് ഉടനെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”. ഹിമന്ദ് ബിശ്വ ശർമ്മ പറഞ്ഞു. പിന്നാലെ, അദ്ദേഹത്തിന് മറുപടിയുമായി ശശി തരൂർ തന്നെ രം​ഗത്തെത്തി. പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബിജെപിയിലേക്ക് പോകൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. “ധൈര്യമുള്ളവർ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പോരാടാൻ ധൈര്യമില്ലാത്തവർ പോകാനുള്ള പ്രവണത കാണിച്ചേക്കാം”. തരൂർ പറഞ്ഞു.

ഒക്ടോബർ 17ന് നടന്ന തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർ​ഗെക്ക് 7897 വോട്ടും തരൂരിന് 1072 വോട്ടുമാണ് ലഭിച്ചത്. 24 വർഷത്തിനു ശേഷമാണ് ​ഗാന്ധികുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്.

Top