ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മക്കളാണ് സിആര്‍പിഎഫിലുള്ളത്: അസം മുഖ്യമന്ത്രി

റായ്പൂര്‍: ബിജെപി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ, മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്ത്. സിആര്‍പിഎഫിനെ ലക്ഷ്യമിടുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.

‘ആരാണ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) സിആര്‍പിഎഫുകാരന്‍ അംബാനിയുടെയോ ടാറ്റയുടെയോ മകനല്ല. സിആര്‍പിഎഫ് രാജ്യത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മക്കളാണ് സിആര്‍പിഎഫിലുള്ളത്. ഭൂപേഷ് ബാഗേല്‍ സിആര്‍പിഎഫിനെ ലക്ഷ്യമിടുന്നു. അതായത് ഭൂപേഷ് ബാഗേല്‍ നക്‌സലുകളെയാണ് പിന്തുണയ്ക്കുന്നത്’- ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും കൊല്ലപ്പെട്ടപ്പോള്‍ ഭൂപേഷ് ബാഗേല്‍ നക്സലുകളോട് പ്രതികാരം ചെയ്യണമായിരുന്നു. എന്നാല്‍ തീവ്ര ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് ശര്‍മ ആരോപിച്ചു. ഇത്തവണ ജനപിന്തുണയോടെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. നക്സലൈറ്റുകളുടെ പിന്തുണയോടെ വിജയിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിനും നക്സലൈറ്റുകള്‍ക്കുമിടയില്‍ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘നിങ്ങള്‍ ഞങ്ങള്‍ക്ക് ഛത്തീസ്ഗഡില്‍ ഒരു വര്‍ഷത്തെ സമയം തരൂ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുപോലെ (ജമ്മു കശ്മീരിന്റെ പ്രത്യേക പദവി) ഞങ്ങള്‍ നക്‌സലിസത്തെ ഇല്ലാതാക്കും’- ഹിമന്ത ബിശ്വ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിന് പരസ്യമായി അനുമതി നല്‍കിയെന്നും ശര്‍മ ആരോപിച്ചു, സനാതന ധര്‍മ്മം ഇല്ലാതാക്കാനാണോ ബാഗേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദു ധര്‍മം ദുര്‍ബലമാക്കപ്പെട്ടെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.

Top