എല്ലാ മദ്രസകളും അടച്ചുപൂട്ടും; ‘അവര്‍ രാജ്യത്തിന് ഭീഷണി’; ഹിമന്ത ബിശ്വ ശര്‍മ

ബംഗളൂരു: സംസ്ഥാനത്തെ മുഴുവൻ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസ പഠനത്തിന് പകരം സ്‌കൂളുകളിലും കോളജുകളിലും പഠിക്കാനാണ് ആളുകൾ ആഗ്രഹിക്കുന്നതെന്ന് ശർമ പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിജയ് സങ്കൽപ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിൽ 600 മദ്രസകൾ പൂട്ടിയതായി അദ്ദേഹം പറഞ്ഞു. ബാക്കി മദ്രസകളും അടച്ചൂപൂട്ടും. മദ്രസകൾക്ക് പകരം സ്‌കൂളുകളും കോളേജുകളും വഴി വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ശർമ്മ പറഞ്ഞു. അനധികൃത കുടിയേറ്റക്കാർക്കെതിരെ തന്റെ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ നമ്മുടെ നാടിനും സംസ്‌കാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ചേർന്ന് ഇന്ത്യയുടെ ചരിത്രത്തെ മുഗൾ അനുകൂലവിവരണമാക്കി മാറ്റി. ഇന്ത്യയുടെ ചരിത്രം ബാബറിനേയും ഔറംഗസീബിനേയും ഷാജഹാനെയും കുറിച്ചുള്ളതാണെന്നാണ് അവർ കാണിച്ചുതന്നത്. എന്നാൽ ഇന്ത്യയുടെ ചരിത്രം നിർമ്മിച്ചത് ഛത്രപതി ശിവജിയും, ഗുരു ഗോവിന്ദ് സിങും സ്വാമി വിവേകാനന്ദനുമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പുതിയ മുഗളൻമാരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.

Top