അസം പൗരത്വ പട്ടിക ; തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അസമില്‍

assam

കൊല്‍ക്കത്ത : അസം ദേശീയ പൗരത്വ പട്ടികയെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അസം സന്ദര്‍ശിക്കുന്നു. പട്ടിക സംബന്ധിച്ച് വിവാദം ആളി കത്തുമ്പോളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ മമതാ ബാനര്‍ജി ഇന്ന് അസമിലേക്ക് അയച്ചിരിക്കുന്നത്.

പട്ടികയുടെ പേരില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാഹചര്യമാണുള്ളത്. അതിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടീസ് വരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നല്‍കുകയും ചെയ്തിരുന്നു.

അതേസമയം ബുധനാഴ്ച വിവിധ പ്രതിപക്ഷ നേതാക്കളെ കണ്ട മമതാ ബാനര്‍ജി അസം പൗരത്വ രജിസ്റ്റര്‍ വിവാദം ചര്‍ച്ച ചെയ്തു. രാഹുല്‍ഗാന്ധി സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കളുമായാണ് മമത വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അസം പൊലീസ് മമതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരകലാപമുണ്ടാകുമെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും ആയിരുന്നു മമതയുടെ ഭീഷണി.

ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അവരുടെ വിവാദപരമാര്‍ശം. ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്ത നാല്‍പ്പത് ലക്ഷം പേരെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കി മാറ്റിയിരിക്കുകയാണ്. ഉറപ്പായും ഇന്ത്യയില്‍ മാറ്റം വരണം. ഈ മാറ്റം 2019ലെ തിരഞ്ഞെടുപ്പില്‍ പ്രകടമാകണം. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കളെപ്പോലും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും മമത പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസാമിലെ ബി.ജെ.പിയുടെ മൂന്ന് യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് മമതയ്‌ക്കെതിരെ കേസെടുത്തത്.

തിങ്കളാഴ്ച പുറത്തിറങ്ങിയ അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരാണ് പുറത്തായിട്ടുള്ളത്.

Top