കോവിഡിന് പുറമെ അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനിയും; ചത്തൊടുങ്ങിയത് 2800 വളര്‍ത്തുപന്നികള്‍

ഗുവാഹത്തി: കോവിഡ് ഭീതിയ്ക്ക് പുറമെ അസമില്‍ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നു. സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ഇതുവരെ 2800 വളര്‍ത്തുപന്നികളാണ് പനി ബാധിച്ച് ചത്തൊടുങ്ങിയത്.

അസമിലെ ധേമാജി, വടക്കന്‍ ലഖിംപൂര്‍, ബിശ്വനാഥ്, ദിബ്രുഗഡ്, എന്നിവിടങ്ങളിലും, അരുണാചല്‍ പ്രദേശിലെ ചില ജില്ലകളിലുമാണ് പന്നികള്‍ കൂട്ടത്തോടെ ചത്തത്. ആദ്യഘട്ടത്തില്‍ രോഗത്തെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. വളര്‍ത്തു പന്നികളിലാണിത് കണ്ടുവരുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ ആഫ്രിക്കന്‍ പന്നിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ വൈറസ് പോലെ ആഫ്രിക്കന്‍ പന്നിപ്പനിയുടെയും ഉറവിടം ചൈനയാണെന്നാണ് ആസ്സാമിന്റെ ആരോപണം. 2018-2020 വര്‍ഷങ്ങളില്‍ ചൈനയിലെ 60% വളര്‍ത്തുപന്നികളും പന്നിപ്പനി ബാധിച്ച് ചത്തിട്ടുണ്ട്.

പന്നികള്‍ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തില്‍ സ്വകാര്യ പന്നി ഫാമുകളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഫാമും, പരിസരവും അണുവിമുക്തമാക്കണം. പുറത്തു നിന്നും ആളുകളെ ഫാമിനകത്തേക്ക് പ്രവേശിപ്പിക്കരുത്. പന്നികളില്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും ഫാം ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെറ്റിനറി ആന്റ് ഫോറസ്റ്റ് വകുപ്പ്, നാഷണല്‍ പിഗ് റിസേര്‍ച്ച് സെന്റര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് എന്നിവ സംയുക്തമായി ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ആസൂത്രണം നടത്തണണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1921 ല്‍ ലോകത്ത് ആദ്യമായി ആഫ്രിക്കയിലെ കെനിയയിലാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ കണക്കുകള്‍ പ്രകാരം 21 ലക്ഷമാണ് അസമിലെ പന്നികളുടെ എണ്ണം. ഇപ്പോള്‍ അത് 10 ലക്ഷം കൂടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

Top