ജയ്പൂര്‍ : അസം ദേശീയ അംഗത്വ രജിസ്റ്റര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ അംഗത്വ രജിസ്റ്ററിലൂടെ ബിജെപി സര്‍ക്കാര്‍ ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുമെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ രാജ് മന്ദിറില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ബാങ്കുനോക്കിയാണ് കോണ്‍ഗ്രസ് നിലപാടെടുക്കുന്നത്. അംഗത്വ രജിസ്റ്റര്‍ ദേശീയ സുരക്ഷയുടെ വിഷയമാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എസ്സി-എസ്ടി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒബിസി കമ്മീഷന് ഭരണഘടന അംഗീകാരം ലഭിക്കുന്ന ബില്ലും ഉടനെ രാജ്യസഭയില്‍ എത്തിക്കും. അതില്‍ കോണ്‍ഗ്രസ് നിലപാട് അറിയേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ വിശാല ഐക്യം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ദലിത്, പിന്നോക്ക വിഭാഗ വോട്ടാണ് ബിജെപിയുടെ പിടിവള്ളി. അസം അടക്കമുള്ള അനധികൃത കുടിയേറ്റത്തിനെതിരായ ക്യാംപെയ്‌നുകള്‍ ശക്തമാക്കുന്നതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.