രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണം ആര്‍എസ്എസ്: വിമര്‍ശവുമായി ഒവൈസി

ഹൈദരാബാദ്: ബിജെപിയുടെ രാഷ്ട്രീയ മാര്‍ഗദര്‍ശിയായ ആര്‍എസ്എസ് ആണ് രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി.

ജയ് ശ്രീ റാം, വന്ദേമാതരം എന്ന് വിളിച്ചില്ലെങ്കില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല. മുസ്ലിംങ്ങളേയും ദളിതരേയുമാണ് ഇക്കൂട്ടര്‍ ലക്ഷ്യംവയ്ക്കുന്നത്-അദ്ദേഹം പറഞ്ഞു. ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ യുവാവിനെ മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ടായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

രാജ്യത്തെ ജനങ്ങളുടെ മനസില്‍ മുസ്ലിംങ്ങളെ തീവ്രവാദികളും, രാജ്യദ്രോഹികളും, പശുക്കളെ വധിക്കുന്നവരും എന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മുസ്ലിംങ്ങള്‍ക്കെതിരേ വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി. നടത്തുന്നത്- അദ്ദേഹം ആരോപിച്ചു.

Top