Aslam murder case :CPI-M activist -Main accused-arrested

കോഴിക്കോട് : നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസിലെ മുഖ്യപ്രതി പിടിയില്‍. വെള്ളൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ രമേഷാണു പിടിയിലായത്.

കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണ്. കൊലപാതകം നടന്ന ദിവസം അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം കൈമാറിയത് ഇയാളാണെന്നും മുന്‍വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കേസില്‍ പിടിയിലാകുന്ന മൂന്നാമത്തെ ആളാണ് രമേഷ്. കൊലയാളികള്‍ക്കു കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയ നിതിന്‍, ഇയാളെ ഒളിപ്പിച്ച കാസര്‍കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അനില്‍ എന്നിവരാണ് നേരത്തെ പിടിയിലായത്.

തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ വധിച്ച കേസിലെ നാലാംപ്രതിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് അസ്‌ലം. ഷിബിനൊപ്പമുണ്ടായിരുന്ന അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇതില്‍ വെട്ടേറ്റ രാകേഷിന്റെ സഹോദരനാണ് രമേഷ്.

സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് മുസ്‌ലിം ലീഗ് യൂത്ത് പ്രവര്‍ത്തകനായ അസ്‌ലമിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിന്‍ വധക്കേസില്‍ വിട്ടയയ്ക്കപ്പെട്ടതു മുതല്‍ അസ്‌ലമിനു ഭീഷണിയുണ്ടായിരുന്നു.

Top