aslam murder; police founde car

കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയ അക്രമിസംഘം ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി.

വടകര സഹകരണ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. കെഎല്‍ 13 ദ 9091 നമ്പര്‍ ഇന്നോവാ കാറാണ് പൊലീസ് കണ്ടെത്തിയത്.

കാറില്‍ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികളും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. കാര്‍ ഉപയോഗിച്ചിരുന്നവരുടെ മുഴുവന്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

അക്രമത്തിന് പിന്നില്‍ പിന്നില്‍ ആറംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിനു പിന്നിലുള്ളത് ചൊക്ലിയില്‍ നിന്നുളളവരാണെന്നും പൊലീസിന് നേരിയ സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി കറുപ്പസ്വാമിക്കാണ് കേസന്വേഷണ ചുമതല. അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് സമാധാനശ്രമങ്ങള്‍ തുടരുന്നതിനായി കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് ചേരുന്നുണ്ട്. അസ്‌ലമിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ നാദപുരത്തെ ചില മേഖലകളില്‍ ഒറ്റപെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരേയും കടകള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.

ലീഗ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും വിലാപയാത്ര പോലുള്ള അനുശോചനങ്ങള്‍ ഒഴിവാക്കണമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കൊലപാതകത്തിനു പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്‌ലിം ലീഗിന്റെ ആരോപണം. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും, തങ്ങള്‍ വെറുതേ വിടില്ലെന്ന് സിപിഐഎം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്.

സിപിഐഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് യൂത്ത് ലീഗും ആരോപിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ പിന്നാലെയെത്തിയ സംഘമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Top