ജാമിയയില്‍ പൊലീസ് നരനായട്ട്; വിദ്യാര്‍ത്ഥികളെ ക്രിമിനലുകളാക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടന്ന പ്രതിഷേധങ്ങള്‍ കൈവിട്ടതോടെ പോലീസ് പ്രവേശിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ പോലീസ് പുറത്തിറക്കിയത് ക്രിമിനലുകളെ പോലെയെന്ന് ആരോപണം. വനിതാ വിദ്യാര്‍ത്ഥികളെ പോലീസ് ഉദ്യോഗസ്ഥര്‍ തള്ളിയെന്നും, വനിതാ ഉദ്യോഗസ്ഥര്‍ പരിസരത്ത് പോലും ഉണ്ടായില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടന്ന പ്രതിഷേധം അക്രമത്തിലേക്ക് മാറിയതോടെ വിദ്യാര്‍ത്ഥികളും, പോലീസുകാരും, ഫയര്‍മാന്‍മാരും ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. പോലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ നാല് ബസുകള്‍ക്കും രണ്ട് പോലീസ് വാഹനങ്ങള്‍ക്കും തീയിട്ടു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും, ടിയര്‍ഗ്യാസും ഉപയോഗിച്ച ശേഷമാണ് വാഴ്‌സിറ്റി ക്യാംപസില്‍ പോലീസ് പ്രവേശിച്ചത്.

വിദ്യാര്‍ത്ഥികളെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ക്യാംപസില്‍ നിന്നും പുറത്തിറക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിഷേധം നടന്ന ഇടത്ത് ഇല്ലാതിരുന്ന ക്യാംപസിന് അകത്ത് നിന്നവരെയും ഈ വിധത്തിലാണ് ഇറക്കിവിട്ടത്. തങ്ങളെ ക്രിമിനലുകളെ പോലെയാണ് പോലീസ് പരിഗണിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു.

യൂണിവേഴ്‌സിറ്റിക്ക് അകത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെയും പോലീസ് അക്രമിച്ചെന്നാണ് മറ്റൊരു ആരോപണം. യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറി, ക്യാന്റീന്‍ എന്നിവയ്ക്ക് നേര്‍ക്കും പോലീസ് അതിക്രമം നടന്നതായാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

Top