പത്മജ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് ഹസന്‍

HASSAN

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ 24 വര്‍ഷമായി തുടരുന്ന നിയമ യുദ്ധത്തിനൊടുവില്‍ നമ്പി നാരായണന് അനുകൂലമായുണ്ടായ കോടതി വിധി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. പത്മജ വേണുഗോപാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് അവരോട് തന്നെ ചോദിക്കണമെന്നും ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വണുഗോപാല്‍ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിമര്‍ശന ശരങ്ങള്‍ കരുണാകരനു നേരെ തിരിച്ചതും കരുണാകരന്റെ പതനത്തിന് കാരണക്കാരായതും സജീവ രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള അഞ്ചു നേതാക്കളാണെന്ന് പത്മജ തുറന്നടിച്ചു. എന്നാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്ത് പറയില്ലെന്നും ആവശ്യ സമയത്ത് ഇത് വ്യക്തമാക്കുമെന്നും അവര്‍ പറയുകയുണ്ടായി.

തന്റെ അമ്മ മരണപ്പെട്ട സമയത്താണ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ തളര്‍ന്നിരിക്കുന്ന കരുണാകരന് ചുറ്റും കൂടി നിന്നുള്ള ആക്രമണങ്ങള്‍ താങ്ങാനാവാതെ വരികയായിരുന്നുപത്മജ പറഞ്ഞിരുന്നു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും അന്വേഷണം കൃത്യമായി നടന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളുടെ പേര് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വെളിപ്പെടുത്തേണ്ടി വരുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Top