വ്യാജ സര്‍ട്ടിഫിക്കറ്റ് ; ആസിഫ് യൂസഫിനെതിരായ പരാതിക്കാരനിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു

തിരുവനന്തപുരം : ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ തലശേരി സബ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. സബ്ബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരായ പരാതിക്കാരനില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇനവെസറ്റിഗേഷന്‍ യൂണിറ്റ് ഒന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ ആസിഫ് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആസിഫിന്റെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 2015ല്‍ കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍യിട്ടുള്ള രേഖകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടും ആദായനികുതി രേഖകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആസിഫിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച പരാതിക്കാന്‍ തന്നെ വിജിലന്‍സിനെയും സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സും പ്രാഥമിക പരിശോധന ആരംഭിച്ചത്.

ഒബിസി സംവരണത്തിൽ ഐഎഎസും കേരള കേഡറും നേടിയ ആസിഫ്.കെ.യൂസഫ് സംവരണാനുകൂല്യത്തിനായി സമർപ്പിച്ച സാമ്പത്തിക വിവരങ്ങളും വരുമാന സർട്ടിഫിക്കറ്റും തെറ്റാണന്ന പരാതിയിലാണ് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചത്. ഐഎഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടു മുൻപുള്ള മൂന്ന് വർഷത്തെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഒബിസി സംവരണത്തിന് അർഹത.

2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215 ാം റാങ്ക് നേടിയ ഉദ്യോഗസ്ഥനാണ് തൃക്കാക്കര സ്വദേശി ആസിഫ് കെ.യൂസഫ്. സബ് കലക്ടറുടെ അടിസ്ഥാന യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന റിപ്പോർട്ടിൽ തുടർ നടപടിയെടുക്കേണ്ടത് കേന്ദ്ര പഴ്സനൽ മന്ത്രാലയമാണ്.

Top