ആസിഫ് അലി സര്‍ദാരി പാകിസ്ഥാൻ പ്രസിഡന്റ്; ഇത് രണ്ടാമൂഴം

പാകിസ്ഥാന്റെ 14ാമത് പ്രസിഡന്റായി ആസിഫ് അലി സര്‍ദാരിയെ (68) തിരഞ്ഞെടുത്തു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കോ ചെയര്‍പേഴ്‌സണായ അദ്ദേഹം ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്റെ പ്രസിഡന്റാകുന്നത്.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് പാര്‍ട്ടി എന്നിവയുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് സര്‍ദാരി മത്സരിച്ചത്. മഹമൂദ് ഖാന്‍ അചക്‌സായായിരുന്നു എതിർസ്ഥാനാർത്ഥി. സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അചക്‌സാ. പുതിയ ദേശീയ അസംബ്ലി, നാലു പ്രവിശ്യ അസംബ്ലി എന്നിവ അടങ്ങിയ ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 119നെതിരെ 255 വോട്ടുകളാണ് സർദാരി നേടിയത്. സിന്ധ്, ബലൂചിസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ മേൽക്കൈ നേടാനായതാണ് സർദാരി ഗുണകരമായത്. പക്ത്വൻകാ അസംബ്ലിയിൽ മഹമൂദ് ഖാന്‍ അചക്‌സായ്ക്കായിരുന്നു ഭൂരിപക്ഷം.

ബിസിനസിൽ നിന്ന് രാഷ്ട്രീയരം​ഗത്തേക്ക് കടന്നുവന്ന സർദാരി കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ്. 2008 മുതൽ 2013 വരെ പ്രസിഡന്റ് പദത്തിലിരുന്ന സർദാരി ആ സ്ഥാനത്തേക്ക് രണ്ടാമതുമെത്തുന്ന ആദ്യ സാധാരണ പൗരനാണ്. ഞായറാഴ്ച സർദാരി സ്ഥാനമേൽക്കുമെന്നാണ് വിവരം.

Top