കേരള ടൂറിസത്തിന്റെ പ്രചാരകനാവാന്‍ നടന്‍ ആസിഫ് അലി

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ പ്രചാരകനാവാന്‍ നടന്‍ ആസിഫ് അലി. ചാലിയാര്‍ പുഴയില്‍ നടക്കാനിരിക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ലോഗോ പ്രകാശന ഉത്ഘാടന ചടങ്ങിലാണ് ബ്രാന്റ് അംബാസിഡര്‍ ആവാന്‍ താത്പര്യമുണ്ടെന്ന് നടന്‍ സന്നദ്ധത അറിയിച്ചത്. തീരുമാനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നന്ദിയറിയിച്ചു.

വിനോദസഞ്ചാര മേഖലയില്‍ ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ വാട്ടര്‍ തീം ഫെസ്റ്റിവല്‍ 2021 ഡിസംബര്‍ അവസാന തിയതികളില്‍ ബേപ്പൂരില്‍ ആരംഭിക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റിവെല്‍ ഒരുങ്ങുന്നത്.

ചാലിയാര്‍ കേന്ദ്രീകരിച്ച് ബേപ്പൂര്‍ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതല്‍ 10 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുക. വിവിധയിനം വള്ളം കളി മത്സരങ്ങള്‍ക്കു പുറമെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കയാക്കിംങ്, കനോ യിംങ്, വാട്ടര്‍ പോളോ, പാരാ സെയിലിംങ്, സ്പീഡ് ബോട്ട് റെയ്‌സ്, വാട്ടര്‍ സ്‌കിയിംങ്, പവര്‍ ബോട്ട് റെയ്‌സിംങ്, യാട്ട് റെയ്‌സിംങ്, വുഡന്‍ ലോഗ് റെയ്ഡിംങ്, ടിമ്പര്‍ റാഫ്റ്റിംങ്, പരമ്പരാഗത പായ വഞ്ചിയോട്ടം തുടങ്ങിയ ദേശീയ-അന്തര്‍ ദേശീയ മത്സര ഇനങ്ങളും ഒളിമ്പിക്‌സ് മത്സര ഇനങ്ങളും ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.

ഇതോടൊപ്പം എല്ലാ വിഭാഗമാളുകള്‍ക്കും ആസ്വാദ്യകരമായ ഫ്‌ലോട്ടിംങ് സംഗീത പരിപാടികള്‍, ലൈറ്റ് ഷോകള്‍, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും. വര്‍ഷാവര്‍ഷം ബേപ്പൂര്‍ കേന്ദ്രമാക്കി അതിവിപുലമായി വാട്ടര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനാണ് പദ്ധതി. വിവിധ ജലസാഹസിക പ്രകടനങ്ങള്‍, ജലവിനോദങ്ങള്‍, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യോത്സവം തുടങ്ങിയവ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും.

Top