ആസിഫ് അലി ചിത്രം ‘എല്ലാ ശരിയാകും’ ജൂണില്‍

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ വെള്ളിമൂങ്ങയ്ക്ക് ശേഷം വീണ്ടുമൊരു രാഷ്ട്രീയ കഥപറയാന്‍ എത്തുകയാണ് സംവിധായകന്‍ ജിബു ജേക്കബ്. ആസിഫ് അലി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് എല്ലാം ശരിയാകും എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയ ഇടതുപക്ഷത്തിന് ആശംസ അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഇടത് ചിന്താഗതിക്കാരനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ചിത്രത്തില്‍ ആസിഫ് അലി എന്നാണ് പുതിയ പോസ്റ്റര്‍ നല്‍കുന്ന സൂചന. രക്തഹാരങ്ങള്‍ അണിഞ്ഞ് വാഹനത്തില്‍ പ്രചാരണം നടത്തുന്ന ആസിഫ് അലിയാണ് പോസ്റ്ററിലുള്ളത്.

ജൂണില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ചിത്രത്തിന്റെ തിരക്കഥ ഷാരിസും ഛായാഗ്രഹണം ശ്രീജിത് നായരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കും.

കൊവിഡ് സാഹചര്യം വീണ്ടും മോശമായാല്‍ പ്രഖ്യാപിച്ച തിയ്യതിയില്‍ മാറ്റമുണ്ടായേക്കാമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ജിബു ജേക്കബ് ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

 

Top