സിബി മലയിൽ ചിത്രം ‘കൊത്തി’ൽ നായകനായി ആസിഫ് അലി

ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം കൊത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാ​ദുഷയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് തിയതി പുറത്തുവിട്ടു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർ‌ത്തകർ പുറത്തുവിട്ടിട്ടുണ്ട്.

നിഖില വിമലാണ് കൊത്തിൽ നായിക ആയി എത്തുന്നത്. റോഷൻ മാത്യു, ശങ്കര്‍ രാമകൃഷ്‍ണൻ, സുദേവ് നായര്‍, സുരേഷ് കൃഷ്‍ണ, രഞ്‍ജിത്ത്, ശ്രീലക്ഷ്‍മി, അനു മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്‍ണന്‍ ചിത്രത്തിന്റെ ചിത്രസംയോജനം.

രഞ്‍ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് ബാനര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്‍ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.

രാഷ്‍ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. കൈലാസ് മേനോൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Top