മുഖം മിനുക്കാനൊരുങ്ങി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി

മുംബൈ: മുഖം മിനുക്കാനൊരുങ്ങി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. ധാരാവി പുനര്‍വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ താമസക്കാര്‍ക്കും 350 ചതുരശ്ര അടിയില്‍ വീട് നല്‍കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം. സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ആശുപത്രികള്‍, കുട്ടികള്‍ക്കായി ഡേകെയര്‍ സെന്ററുകള്‍ എന്നിവയും അദാനിഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.

2022 നവംബര്‍ 29-നാണ് അദാനി ഗ്രൂപ്പ് ധാരാവി പുനര്‍വികസന പദ്ധതി മുന്നോട്ടുവച്ചത്. ധാരാവിയുടെ 259 ഹെക്റ്റര്‍ ഭൂമിയില്‍ ഏഴുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ വികസനം കൊണ്ടുവരുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്ടില്‍ അദാനി ഗ്രൂപ്പിന് 80 ശതമാനവും മഹാരാഷ്ട്ര സര്‍ക്കാരിന് 20 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

അടുക്കള, ശുചിമുറി എന്നിവയോട് കൂടിയാണ് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കുക. ആഗോള തലത്തിലെ നഗര വികസന വിദഗ്ദ്ധര്‍, ബില്‍ഡര്‍മാര്‍, ഡിസൈന്‍ സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് 600 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചേരിയ്ക്ക് പുതിയ മുഖം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിരവധി സാമൂഹിക ഭവന പദ്ധതികള്‍ക്ക് രൂപം നല്‍കിയ ആര്‍ക്കിടെക്റ്റ് ആയ ഹഫീസ് കോണ്‍ട്രാക്ടര്‍, അമേരിക്കയില്‍ നിന്നുള്ള ഡിസൈന്‍ സ്ഥാപനമായ സസാക്കി, ബ്രിട്ടണില്‍ നിന്നുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബറോ ഹപ്പോള്‍ഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ആഗോള സംഘത്തെയാണ് ധാരാവി പുനര്‍വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

Top