പകരത്തിന് പകരം . . ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്റെ റിസോര്‍ട്ട് തരിപ്പണമാക്കി

കോട്ടയം: തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിക്കുന്നതിന് കാരണമായ കായല്‍ കയ്യേറ്റ വാര്‍ത്ത പുറത്തുവിട്ട ചാനല്‍ മേധാവിയുടെ റിസോര്‍ട്ട് തകര്‍ത്തു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് കയ്യേറ്റം ആരോപിച്ച് ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ കുമരകത്തെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി ആക്രമിച്ചത്.

ആക്രമണത്തില്‍ റിസോര്‍ട്ടിലെ അഞ്ച് വില്ലകള്‍ പൂര്‍ണമായും നശിച്ചു.

റിസോര്‍ട്ടിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ അവിടെ കൊടി നാട്ടി. റിസോര്‍ട്ടിലേക്ക് സ്വകാര്യമായി ഉപയോഗിച്ചുവന്ന റോഡിലേക്കുള്ള ഗേറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.

23874545_2035204976711348_2111453277_o

ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എംപി റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയതായാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ടത്രേ.

കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തില്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മാണം അന്തിമഘട്ടത്തിലാണ്.

ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയാണ് നിരാമയ നിര്‍മിക്കുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോള്‍.
23874347_2035204926711353_217780162_o
കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവന്‍ തീരംകെട്ടി കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിയെന്നും, ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേര്‍ന്നാണ് നിര്‍മാണമെന്നുമാണ് പരാതി. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കിയതായും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

റവന്യൂ വകുപ്പിന്റെ ഒത്താശയോടു കൂടിയാണ് ഈ കയ്യേറ്റമെന്നാരോപിച്ചുകൂടിയാണ് ഡി.വൈ.എഫ്.ഐ പ്രത്യക്ഷ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. പൊലീസ് നോക്കിനില്‍ക്കവെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് ആക്രമിച്ചത്.

അതേസമയം എല്ലാ നിയമങ്ങളും പാലിച്ചാണ് റിസോര്‍ട്ടില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് നിരാമയ റിസോര്‍ട്ട് അധികൃതര്‍
വ്യക്തമാക്കി.

Top