ഏഷ്യന്‍ മാസ്റ്റേഴ്‌സ്‌ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ; മന്‍ കൗറിന് വിസ നിഷേധിച്ച് ചൈന

ന്യൂഡല്‍ഹി: ഏഷ്യന്‍ മാസ്റ്റേഴ്‌സ്‌ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന്‌ 101 വയസ്സുകാരി മന്‍ കൗറിന് വിസ നിഷേധിച്ചതായി ആരോപണം.

ചൈനീസ് നടപടിയോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ് ഇപ്പോൾ.

ഏപ്രിലില്‍ ഓക്ക്‌ലന്റില്‍ വച്ച് നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സ്‌ ഗെയിംസില്‍ 100 മീറ്ററില്‍ വിജയിച്ച താരമാണ് മന്‍ കൗര്‍.

അതിനു ശേഷം ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായുള്ള കഠിന പരിശീലനത്തിലായിരുന്നു കൗര്‍.

പഞ്ചാബിലായിരുന്നു പരിശീലനം. എന്നാല്‍ അവസാന ഘട്ടത്തില്‍ വിസ നിഷേധിച്ചു കൊണ്ടുള്ള വിവരം ലഭിച്ചു.

വിസ നിഷേധിച്ച സംഭവത്തില്‍ ഖേദമുണ്ടെന്ന് മന്‍ കൗര്‍ പ്രതികരിച്ചു. ഇതുവരെ പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയിയായാണ്‌ ഞാന്‍ തിരിച്ചുവന്നത്.

ഇത്തവണയും വളരെ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ വിസ സംബന്ധിച്ച് അനുകൂല പ്രതികരണമല്ല ചൈനീസ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നില്ല. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നതിനായി കൂടുതല്‍ പരിശ്രമിക്കുമെന്നും മന്‍ കൗര്‍ പ്രതികരിച്ചു.

93-ാം വയസ്സ് മുതലാണ് മന്‍ കൗര്‍ മാസ്റ്റേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയത്.

100 മീറ്റര്‍, 200 മീറ്റര്‍, ഷോട്ട് പുട്ട്, ജാവലിന്‍ മത്സരങ്ങള്‍ തുടങ്ങിയവയാണ് മന്‍ കൗറിന്റെ ഇനങ്ങള്‍. ഇതുവരെ 17 മെഡലുകളാണ് മന്‍ കൗര്‍ സ്വന്തമാക്കിയിട്ടുള്ളത്.

മത്സരങ്ങള്‍ക്കു വേണ്ടിയും അല്ലാതയും ഞങ്ങള്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ വിസ നിഷേധിച്ച തരത്തിലുള്ള അനുഭവം മന്‍ കൗറിന് ഉണ്ടായിട്ടില്ലെന്ന് മകന്‍ ഗുരുദേവ് സിങ് പറഞ്ഞു.

വിസ ലഭ്യമാക്കാന്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്റെ കത്ത് നല്‍കിയിട്ടും വ്യക്തിപരമായ ക്ഷണം ഇല്ലെന്ന് കാണിച്ചാണ് എംബസി വിസ നിഷേധിച്ചത്.

ചൈനയിലേക്ക് വിനോദ സഞ്ചാരികളായി പോകുന്നവരെല്ലാം ക്ഷണം ലഭിച്ചിട്ട് പോകുന്നതാണോ.? ലോക മത്സരത്തിനായി പങ്കെടുക്കാന്‍ 101 വയസ്സുകാരി അമ്മയും 79 വയസ്സുകാരന്‍ മകനും ചൈനയില്‍ എത്തുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഗുരുദേവ് സിങ് ഉന്നയിച്ചു.

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങാനായി അടുത്ത മാസം മന്‍ കൗര്‍ ടൊറന്റോയിലെത്തുന്നുണ്ട്‌.

ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡ്സ് 2017നു വേണ്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട താരമാണ് കൗര്‍.

Top