ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ വെള്ളി മെഡല്‍ ‘സ്വര്‍ണ’മായി

ന്യൂഡല്‍ഹി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നേടിയ ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണമായി. മലയാളി താരം വൈ.മുഹമ്മദ് അനസ് ഉള്‍പ്പെട്ട ഇന്ത്യന്‍ 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേ ടീം നേടിയ വെള്ളി മെഡലാണ് സ്വര്‍ണമാക്കി ഉയര്‍ത്തിയത്.

വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 4-ാമതു ഫിനിഷ് ചെയ്ത മലയാളിതാരം അനു രാഘവനു വെങ്കലവും ലഭിക്കും. ഈ രണ്ടിനങ്ങളിലും ഇറങ്ങിയ ബഹ്‌റൈന്‍ അത്ലീറ്റ് കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേര്‍പ്പെടുത്തിയതിനാലാണിത്.

അനസ്, എം.ആര്‍.പൂവമ്മ, ആരോക്യരാജീവ്, ഹിമ ദാസ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണു ജക്കാര്‍ത്തയില്‍ വെള്ളി നേടിയത്. അഡെക്കോയ ഓടിയ ബഹ്‌റൈന്‍ ടീമിനായിരുന്നു സ്വര്‍ണം. അവര്‍ക്കു വിലക്കു വന്നതോടെ ബഹ്‌റൈന്റെ മെഡല്‍ തിരിച്ചെടുത്തു. ഹര്‍ഡില്‍സില്‍ അഡെക്കോയയ്ക്കായിരുന്നു സ്വര്‍ണം. അവര്‍ അയോഗ്യയാക്കപ്പെട്ടതോടെ, 4-ാം സ്ഥാനത്തെത്തിയ അനുവിനു മൂന്നിലേക്കു പ്രമോഷന്‍. അനുവിന് വെങ്കലം ലഭിക്കും.

ലോക അത്ലറ്റിക്സ് വെബ്സൈറ്റ് റാങ്കിങില്‍ ഇന്ത്യയുടെ റിലേ ടീമിന്റെ വെള്ളി മെഡല്‍ സ്വര്‍ണമായും അനു രാഘവന് വെങ്കലവുമായി അപ്ഡേറ്റ് ചെയ്തതില്‍ ആഹ്ലാദമുണ്ടെന്ന് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആദില്ലെ സുമാരിവാല പ്രതികരിച്ചു. പുതുതായി ലഭിച്ച മെഡല്‍ നേട്ടത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ സമ്പാദ്യം 20 ആയി ഉയര്‍ന്നു. എട്ടു സ്വര്‍ണവും ഒമ്പതു വെള്ളിയുമടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

Top