ഏഷ്യൻ ​ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തിനെതിരെ ​ഗുരുതര ആരോപണവുമായി ​സഹതാരം. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി അ​ഗസരയ്ക്കെതിരെ സ്വപ്ന ബർമനാണ് ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു. നന്ദിനിയെ ഏഷ്യൻ ​ഗെയിംസ് വനിതാ വിഭാ​ഗത്തിൽ മത്സരിപ്പിച്ചത് അത്‌ലറ്റിക്‌ നിയമങ്ങൾക്ക് എതിരാണെന്നും സ്വപ്ന പറഞ്ഞു. തനിക്ക് തന്റെ മെഡൽ നൽകണമെന്നും സ്വപ്ന ബർമൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.

ലോക അത്‌ലറ്റിക്‌സ് നിയമപ്രകാരം ട്രാൻസ്ജെൻഡറായ വ്യക്തിക്ക് വനിതാ വിഭാ​ഗത്തിൽ മത്സരിക്കാൻ കഴിയില്ല. പുരുഷനായി ജനിച്ചയാള്‍ പിന്നീട് സ്ത്രീയായി മാറിയാലും അവർക്ക് പുരുഷ ശരീരത്തിന്റെ കരുത്ത് ഉണ്ടാകുമെന്ന് വനിതാ അത്‌ലറ്റുകൾ തുടർച്ചയായി പരാതിപ്പെട്ടിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ച് ട്രാൻസ്ജെൻഡർ വ്യക്തികളെ അത്‌ലറ്റിക്സ് മത്സരങ്ങളിൽ ഉൾപ്പെടുത്താമെന്നായിരുന്നു ലോക അത്‌ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പ്രതികരിച്ചത്.

അതിനിടെ നന്ദിനി വനിത തന്നെയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. പിന്നാലെ സ്വപ്ന ബർമൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ ഏഷ്യൻ ​ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു സ്വപ്ന ബർമൻ. എന്നാൽ ഇത്തവണ നാലാം സ്ഥാനത്താണ് സ്വപ്ന ഫിനിഷ് ചെയ്തത്. നാല് പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമത് എത്തിയ നന്ദിനി 5712 പോയിന്റ് നേടി. സ്വപ്ന 5708 പോയിന്റും നേടി തൊട്ടുപിന്നിലെത്തി.

Top