ഏഷ്യന്‍ ഉപഭോക്താക്കള്‍ക്ക് എണ്ണയ്ക്കും ഗ്യാസിനും ഡിസ്‌കൗണ്ടുമായി ഇറാന്‍ രംഗത്ത്

Crude oil

ന്യൂഡല്‍ഹി: ഏഷ്യന്‍ ഉപഭോക്താക്കള്‍ക്ക് എണ്ണ, ഗ്യാസ് എന്നിവയ്ക്ക് ഡിസ്‌കൗണ്ട് വാഗ്ദാനവുമായി ഇറാന്‍ രംഗത്ത്. ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഐ ആര്‍ എന്‍ എയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതേ സമയം ഇളവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. സാധാരണയായി ഇങ്ങനെ ഡിസ്‌കൗണ്ട് ചെയ്യാറുണ്ട് എന്നുള്ള നിലപാടാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ആണവ കരാറിനെ ചൊല്ലിയുള്ള തര്‍ക്കം ഇറാന്‍- അമേരിക്ക ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

രണ്ടാംഘട്ട ഉപരോധ നടപടികളുടെ ഭാഗമായി ഇറാന്റെ അന്താരാഷ്ട്ര എണ്ണ വില്‍പ്പന നവംബര്‍ അഞ്ച് മുതല്‍ തടയാനാണ് യുഎസ് ശ്രമിക്കുന്നത്. ഇത് വഴി ഇറാനില്‍ നിന്നുള്ള എണ്ണ അമേരിക്കയിലോ അവരുടെ സഖ്യരാജ്യത്തോ വില്‍പ്പന നടത്താനോ കയറ്റുമതി ചെയ്യാനോ സാധിക്കില്ല. ഇറാന്റെ എണ്ണ ഉപഭോക്താക്കളില്‍ മുന്‍നിരക്കാര്‍ ചൈനയും ഇന്ത്യയുമാണ്. എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്മാറില്ലെന്ന നിലപാട് ഇന്ത്യയും ചൈനയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം യുഎസ്സിന്റെ നടപടികള്‍ മൂലം ഇറാന്റെ എണ്ണ വില്‍പ്പനയില്‍ ഇടിവുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Top