ഏഷ്യന്‍ അത്ലറ്റിക്സ് ; ഇന്ത്യന്‍ ടീമില്‍ പത്ത് മലയാളികള്‍

ന്യൂഡല്‍ഹി: തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ജൂലൈ 12 മുതല്‍ 16 വരെ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള 54 അംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ടീമില്‍ ഒമ്പത് മലയാളികളുണ്ട്. സംഘത്തിന്റെ ചുമതല ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനാണ്. പരിശീലന ക്യാമ്പ് പട്യാല, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും. ടീം ജൂലൈ ഒമ്പതിന് പുറപ്പെടും.

ഇരുപത്തെട്ട് അംഗ പുരുഷടീമില്‍ ഏഴ് മലയാളികള്‍. ലോങ്ജമ്പില്‍ എം ശ്രീശങ്കര്‍ ഇന്ത്യക്കായി ഇറങ്ങും. 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സന്‍ ജോണ്‍സനുണ്ട്. 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്‍, ട്രിപ്പിള്‍ജമ്പില്‍ അബ്ദുള്ള അബൂബക്കര്‍ എന്നിവരുണ്ട്. മുഹമ്മദ് അജ്മല്‍ 400 മീറ്റര്‍, 4 x 400 മീറ്റര്‍ റിലേ, മിക്സഡ് റിലേ എന്നിവയില്‍ പങ്കെടുക്കും. മുഹമ്മദ് അനസ് റിലേ ടീം അംഗമാണ്. ഡല്‍ഹി മലയാളിയായ അമോജ് ജേക്കബ് രണ്ട് റിലേയിലും അണിനിരക്കും. കന്നഡ മലയാളി മിജോ ചാക്കോ കുര്യനും റിലേയിലുണ്ട്. ഇരുപത്താറ് വനിതകളില്‍ ആന്‍സി സോജനും(ലോങ്ജമ്പ്) ജിസ്ന മാത്യുവുമാണ് (4 x 400 മീറ്റര്‍ റിലേ) മാത്രമാണ് മലയാളികള്‍.

Top