ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, രണ്ടാം ദിനവും ഇന്ത്യ കുതിക്കുന്നു, അസിനും ചിത്രക്കും സ്വര്‍ണം

ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം ഇന്ത്യക്ക് നാലു സ്വര്‍ണവും ഒരു വൈള്ളിയും ഒരു വെങ്കലവും കൂടി.

400 മീറ്ററിലും 1500 മീറ്ററിലും ഇന്ത്യ ഇരട്ടസ്വര്‍ണം നേടി. പുരുഷന്‍മാരുടെ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് ഒന്നാമതെത്തിയപ്പോള്‍ വനിതാ വിഭാഗത്തില്‍ എസ് നിര്‍മ്മല സ്വര്‍ണം നേടി.

അതേസമയം വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്രയും പുരുഷന്‍മാരു വിഭാഗത്തില്‍ അജയ് കുമാര്‍ സരോജും ഒന്നാമതെത്തി.

പുരുഷ 400 മീറ്ററില്‍ വെള്ളിയും ഇന്ത്യക്കാണ്. ആരോഗ്യ രാജീവാണ് വെള്ളി മെഡല്‍ നേടിയത്. വനിതകളുടെ 400 മീറ്ററില്‍ വെങ്കലവും ഇന്ത്യ സ്വന്തമാക്കി. മലയാളി താരം ജിസ്ന മാത്യുവാണ് വെങ്കലം നേടിയത്.

ആദ്യ ദിനമായ ഇന്നലെ ഇന്ത്യ രണ്ടു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ നേടിയിരുന്നു. വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷ വിഭാഗം 5000 മീറ്ററില്‍ ജി.ലക്ഷ്മണുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ആറായി.

Top