ഛേത്രി നയിച്ചു; ഫുട്‌ബോളിന്റെ ചരിത്രവഴികളിലൂടെ ചുവടുവെച്ച് ഇന്ത്യ മുന്നോട്ട്

ഫുട്‌ബോളില്‍ ആരെയാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാല്‍ വിദേശ താരങ്ങളുടെ പേരുകളാകും ഓരോ ഇന്ത്യക്കാരനും പറയാനുണ്ടാകുക. ലോക ഫുട്‌ബോളില്‍ കൃത്യമായൊരു സ്ഥാനം പിടിക്കാനാകാത്ത ഇന്ത്യ പോലൊരു രാജ്യത്തെ ജനങ്ങളെ അക്കാര്യത്തില്‍ കുറ്റം പറയാനാകില്ല. എന്നാല്‍ ഇനി അങ്ങനെയല്ല ഫുട്‌ബോളില്‍ ഇന്ത്യയുടെ കളിമാറിയിരിക്കുകയാണ്.

ഫുട്‌ബോള്‍ ലോകത്ത് ഇന്ത്യയ്ക്ക് കൃത്യമായൊരു സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ട് ലോകത്തിന്റെ ഫുട്‌ബോള്‍ മിശിഹയായ മെസ്സിയെ തന്റെ പേരിന് പിന്നിലാക്കിക്കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിനെയും കൈയ്യില്‍ പിടിച്ച് ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുകയാണ് സുനില്‍ ഛേത്രി എന്ന ആന്ധ്രാപ്രദേശ്കാരന്‍. അന്താരാഷ്ട്ര തലത്തില്‍ സജീവമായി കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്യുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം നായകന്‍.

ഏഷ്യാ കപ്പ് ടൂര്‍ണ്ണമെന്റില്‍ തായ്‌ലാന്റിനെതിരെ തന്റെ അറുപത്തിയാറാം ഗോള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഛേത്രി ചരിത്ര നേട്ടത്തിന് അര്‍ഹനായത്. ഇതോടെ ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരം അവസാനിക്കും മുന്നേ ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഛേത്രി.

തായ്‌ലാന്റിനെതിരെയുള്ള കളിക്ക് മുമ്പ് അറുപത്തിയഞ്ച് ഗോളുകളോടെയാണ് ഛേത്രി കളത്തിലിറങ്ങിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയതോടെ ഛേത്രി ചരിത്രത്തിലേക്ക് ചുവട് വെക്കുകയായിരുന്നു. 65 ഗോളുകള്‍ നേടിയ മെസ്സിയെ പിന്‍തള്ളിയാണ് ഛേത്രി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. 85 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിയുടെ മുന്നില്‍ ഇനിയുള്ളത്. നിലവില്‍ 67ഗോളുകളാണ് ഛേത്രിയുടെ പേരിലുള്ളത്

ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരിലൊരാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനില്‍ ഛേത്രി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയാണ് ഇദ്ദേഹം. 1984 ആഗസ്റ്റ് 3ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് ജനനം. 2002ല്‍ മോഹന്‍ ബഗാന്‍ ക്ലബിലൂടെയാണ് ഫുട്‌ബോളില്‍ സുനില്‍ ഛേത്രിയുടെ ഫുട്‌ബോള്‍ ഭാവി വികസിച്ചത്. 2004 ല്‍ ആദ്യമായി ഇന്ത്യന്‍ ജെര്‍സിയണിഞ്ഞ് കളിക്കളത്തിലിറങ്ങി. 2013ല്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും അര്‍ഹനായി. 2007 ലും 2011 ലും അവാര്‍ഡ് ഛേത്രിക്കു തന്നെയായിരുന്നു.

2007, 2009, 2012 വര്‍ഷങ്ങളില്‍ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 ലെ സാഫ് ചാമ്പ്യന്‍ഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 ലെ എഎഫ്‌സി ചാലഞ്ച് കപ്പില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാന്‍കൂടിയായിരുന്നു സുനില്‍ ഛേത്രി.

Top