ഏഷ്യാ കപ്പ്: ഇന്ത്യന്‍ പ്ലേയിംങ് ഇലവന്‍ പ്രഖ്യാപിച്ച് വസീം ജാഫർ

ഷ്യാ കപ്പില്‍ ഞായറാഴ്‌ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഏവരും. മത്സരത്തിന്റെ ആവേശത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മത്സരത്തിന് മുന്നോടിയായി തന്റെ ഇന്ത്യന്‍ പ്ലേയിംങ് ഇലവന്‍ ജാഫര്‍ പുറത്തുവിട്ടു. റിഷഭ് പന്ത് കളിക്കുന്നുണ്ടെങ്കില്‍ ഏത് നമ്പറില്‍ ബാറ്റ് ചെയ്യണം എന്ന് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് ജാഫർ പ്ലേയിംങ് ഇലവന്‍ പുറത്ത് വിട്ടത്.

നായകന്‍ രോഹിത് ശര്‍മ്മയും ഉപനായകന്‍ കെ എല്‍ രാഹുലുമാണ് വസീം ജാഫറിന്റെ ടീമിന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും സ്ഥാനമുറപ്പിക്കുമെന്ന് ജാഫര്‍ പറയുന്നു. അഞ്ചാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പേര് പറയുമ്പോള്‍ ആറാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നീ രണ്ടുപേരുകളില്‍ നിന്ന് ഒരാളെ മുന്‍താരം തെരഞ്ഞെടുത്തിട്ടില്ല. റിഷഭാണ് പ്ലേയിംങ് ഇലവനില്‍ വരുന്നതെങ്കില്‍ ഹാര്‍ദിക്കിനെ മറികടന്ന് അഞ്ചാം നമ്പറില്‍ ബാറ്റേന്തേണ്ടതുണ്ട് എന്ന് ജാഫര്‍ വാദിക്കുന്നു.

ദുബായിയാണ് വേദി എന്നതിനാല്‍ മൂന്ന് സ്‌പിന്നര്‍മാര്‍ അടങ്ങുന്നതാണ് വസീം ജാഫറിന്റെ ടീം. യുസ്‌വേന്ദ്ര ചാഹലാണ് ടീമിലെ രണ്ടാം സ്‌പിന്നര്‍. ആര്‍ അശ്വിനെ മറികടന്ന് രവി ബിഷ്‌ണോയി മൂന്നാം സ്‌പിന്നറായി ഇടംപിടിച്ചു എന്നത് ശ്രദ്ധേയം. ഐപിഎല്ലിന് പിന്നാലെ സമീപകാലത്ത് ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ മികവ് കാട്ടിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗാണ് ടീമിലെ മറ്റൊരു പേസര്‍. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും പേസര്‍ ആവേശ് ഖാനുമാണ് പ്ലേയിംങ് ഇലവനില്‍ ഇടംപിടിക്കാത്ത പ്രമുഖര്‍. പ്ലേയിംങ് ഇലവനെ കുറിച്ച് ആരാധകരോട് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട് വസീം ജാഫര്‍.

നാളെ ഇന്ത്യന്‍സമയം രാത്രി 7.30നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം.

Top