2021 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശ്രീലങ്ക വേദിയാകും

ദുബായ്: ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ 2021 ജൂണില്‍ ശ്രീലങ്കയില്‍ നടത്തുമെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസിം ഖാന്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് നടത്തിപ്പവകാശം പാകിസ്ഥാന് ആയിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ 2022ലെ ടൂര്‍ണമെന്റിനുള്ള അവകാശം പാകിസ്ഥാന് ആയിരിക്കും. പാകിസ്ഥാന്‍ വീണ്ടും ഏഷ്യാ കപ്പിന് വേദിയാകുന്നതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്നും പിന്മാറിയേക്കും. അതല്ലെങ്കില്‍ മറ്റൊരു രാജ്യം ടൂര്‍ണമെന്റിന് വേദിയാകും.

ഈ വര്‍ഷം ഓഗസ്ത് – സപ്തംബര്‍ മാസത്തില്‍ പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുഎഇയില്‍ നടത്താന്‍ ആലോചനയുണ്ടായിരുന്നു. ഈ രീതിയിലാകും 2022ലും ടൂര്‍ണമെന്റ് നടത്തുകയെന്നാണ് സൂചന. ദീര്‍ഘകാലമായി പാകിസ്ഥാനില്‍ പ്രമുഖ ടീമുകള്‍ പരമ്പര കളിക്കാന്‍ എത്തിയിട്ടില്ല. 2022ല്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പാകിസ്ഥാനില്‍ പര്യടനം നടത്താന്‍ ആലോചിക്കുന്നുണ്ട്.

Top