ഇന്ത്യ – പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര 2021-2023 കാലയളവില്‍ നടക്കുമെന്ന് ഐസിസി

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ- പാക്ക് മത്സരങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെ ആരാധകര്‍ക്ക്‌ സന്തോഷ വാര്‍ത്തയുമായി ഐസിസി. 2021-2023 കാലയളവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഐസിസി ഉറപ്പുനല്‍കിയതായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യാ പാക്ക് പരമ്പര നടക്കുമെന്നാണ് ഐസിസി പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് ഉറപ്പ് നല്‍കിയിരിക്കുന്നത്.

2019ലാണ് നാലുവര്‍ഷം നീണ്ടു നില്‍ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. ടെസ്റ്റ്‌ കളിക്കുന്ന എല്ലാ രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് ഐസിസി ടൂര്‍ണമെന്റിന്റെ മത്സരക്രമം തയാറാക്കിയിരിക്കുന്നത്. എന്നാല്‍ 2019 മുതല്‍ 2021വരെയുള്ള ആദ്യഘട്ടത്തില്‍ ഇന്ത്യാപാക്ക് പരമ്പര ഉണ്ടാവില്ല. ഇക്കാലയളവിലെ മത്സരക്രമങ്ങള്‍ തയാറായി കഴിഞ്ഞതിനാലാണിത്.

ഉഭയകക്ഷി ചര്‍ച്ചകളോട് ഇന്ത്യ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന പാക്ക് പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്റെ ട്വീറ്റിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിലപാട് മയപ്പെടുത്തി എഹ്‌സാന്‍ മാനി രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രീയം മാറ്റി നിര്‍ത്തി ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ മത്സരം സംബന്ധിച്ച് സ്വതന്ത്ര നിലപാട് എടുക്കണമെന്നും മാനി പറഞ്ഞു. 1999ലെ കാര്‍ഗില്‍ യുദ്ധത്തിനുശേഷം 2004ല്‍ ഇന്ത്യാ-പാക്ക് പരമ്പര സാധ്യമായിട്ടുണ്ടെന്നും അതിനായി ജഗ്മോഹന്‍ ഡാല്‍മിയയെും രാജ് സിംഗ് ദുര്‍ഗാംപൂറിനെയും പോലുള്ളവര്‍ നല്‍കിയ പിന്തുണ മറക്കാനാവില്ലെന്നും എഹ്‌സാന്‍ മാനി പറഞ്ഞു.

Top