ഏഷ്യന്‍ കപ്പ് ഹോക്കി, മലേഷ്യയെ തകര്‍ത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ

ധാക്ക: ഏഷ്യന്‍ കപ്പ് ഹോക്കിയില്‍ മലേഷ്യയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി ഇന്ത്യ.

2 – 1ന് ആണ് മലേഷ്യയെ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലുടനീളം ഗംഭീര പ്രകടനം പുറത്തെടുത്ത മന്‍പ്രീത് സിംഗും ലളിത് ഉപാദ്ധ്യായയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് കിരീടം നേടുന്നത്.

2003-ലും 2007-ലും ഇന്ത്യ ചാമ്പ്യന്‍മാരായിരുന്നു. ആകാശ് ദീപ് സിംഗാണ് കളിയിലെ താരം.

കഴിഞ്ഞ കളിയില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ തങ്ങളുടെ ഏഴാമത് ഫൈനല്‍ മത്സരത്തിനാണ് ധാക്കയിലെ മൗലാന ഭസാനി ഹോക്കി സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ സി.വി.സുനിലുമായി ചേര്‍ന്ന് മന്‍പ്രീത് സിംഗ് മലേഷ്യന്‍ ഗോള്‍ വല കുലുക്കി.

തുടര്‍ന്ന് 29-മത് മിനിട്ടില്‍ ലളിത് ഉപാദ്ധ്യായയുടെ വക ഇന്ത്യയുടെ രണ്ടാം ഗോള്‍. അവസാന നിമിഷങ്ങളില്‍ മലേഷ്യ ഇന്ത്യയ്ക്കെതിരെ ഒരു ഗോള്‍ നേടിയെങ്കിലും തുടക്കം മുതല്‍ കളമറിഞ്ഞ് കളിച്ച ഇന്ത്യന്‍ ടീം ജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കിരീടം ചൂടുന്നത്.

Top