ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യ, ഫൈനലില്‍ ചൈനയോട് ഏറ്റുമുട്ടും

ടോക്യോ: ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു.

നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ജപ്പാനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ഗുര്‍ജിത് കൗര്‍ ഇരട്ടഗോളും നവജ്യോത് കൗര്‍, ലാല്‍റെംസിയാമി എന്നിവര്‍ ഓരോ ഗോള്‍ വീതവും ഇന്ത്യക്കായി നേടി. ഷിഹോ സുജിയും യുയി ഇഷിബാഷിയുമാണ് ജപ്പാനായി ഗോള്‍ കണ്ടെത്തിയത്.

ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തുന്നത്. 2004-ല്‍ കിരീടം നേടിയ ഇന്ത്യ 1999ലും 2009ലും രണ്ടാം സ്ഥാനവും നേടി.

കലാശക്കളിയില്‍ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഞായറാഴ്ച്ചയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ഫൈനല്‍ മത്സരം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയെ ഇന്ത്യ 4-1ന് തോല്‍പ്പിച്ചിരുന്നു. 2009-ല്‍ ചൈനയോട് തോറ്റ് കിരീടം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ഇത് മധുരപ്രതികാരത്തിനുള്ള അവസരം കൂടിയാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയെക്കൂടാതെ സിഗംപ്പൂരിനെ 10-0ത്തിനും മലേഷ്യയെ 2-0ത്തിനും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ കസാഖിസ്ഥാനെ 7-1നും ഇന്ത്യ തകര്‍ത്തു.

Top