ഏഷ്യ കപ്പ് ക്രിക്കറ്റ് ; സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് ബൗളിങ്ങ്‌

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരവും ജയിച്ചെത്തുന്ന ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്. അതേസമയം ബംഗ്ലാദേശ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തിയത്.

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍, പേസ് ബൗളര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് പരിക്കേറ്റത് മൂലം കളിയില്‍ പങ്കെടുക്കില്ല. ഹര്‍ദിക്കിന് പകരം ദീപക് ചാഹറും, ഠാക്കൂറിന് പകരം സിദ്ധാര്‍ഥ് കൗളും, അക്ഷറിന് പകരം രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം പിടിച്ചു.

മറ്റൊരു സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യയ്‌ക്കെതിരേ തോല്‍വി ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം ജയിക്കാനുറച്ചാണ് കളത്തിലിറങ്ങുന്നത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും വീഴ്ത്തിയ അഫ്ഗാന്‍ നിര തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിച്ചു കഴിഞ്ഞു.

Top