ജിയോ സിനിമക്ക് വെല്ലുവിളിയുമായി ഹോട്‌സ്റ്റാര്‍; ഏഷ്യാ കപ്പും ലോകകപ്പും സൗജന്യമായി കാണാം

മുംബൈ: ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുറച്ച് ഡിസ്നി ഹോട്സ്റ്റാര്‍. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിന്റെയും ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന്റെയും സംപ്രേഷണവകാശം സ്വന്തമാക്കിയിട്ടുള്ള ഡിസ്നി രണ്ട് ടൂര്‍ണമെന്റുകളും ഹോട്‌സ്റ്റാറിലൂടെ സൗജന്യമായി സ്ട്രീം ചെയ്യും. മൊബൈൽ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും സൗജന്യ സ്ട്രീമിംഗ് ലഭ്യമാകുക. ജിയോ സിനിമ മത്സരങ്ങള്‍ സൗജന്യമായി സ്ട്രീമിംഗ് ചെയ്യാന്‍ തുടങ്ങിയതോടെ ഹോട്‌സ്റ്റാറിനെ ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം ഹോട്‌സ്റ്റാറില്‍ നിന്ന് വന്‍തുകക്ക് സ്വന്തമാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടസ്ഥതതയിലുള്ള വയാകോം 18 ഐപിഎല്‍ മുഴുവന്‍ സൗജന്യമായി ജിയോ സിനിമയിലൂടെ സ്ട്രീം ചെയ്താണ് കാഴ്ചക്കാരെ സ്വന്തമാക്കിയത്. ഐ പി എല്‍ സംപ്രേഷണവകാശം നഷ്ടമായതിനൊപ്പം കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവില്‍ ഡിസ്നി ഹോട്സ്റ്റാറിന് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്‍ സ്ട്രീമിംഗ് നഷ്ടമാതിനൊപ്പം എച്ച്ബിഒ കണ്ടന്റുകളും എടുത്തു മാറ്റിയത് വരിക്കാരെ നഷ്ടമാകാന്‍ കാരണമായി.

ഐ പി എല്‍ സംപ്രേഷണവകാശം വയാകോം സ്വന്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 38 ലക്ഷം പെയ്ഡ് സബ്സ്ക്രൈബേഴ്സാണ് ഹോട്സ്റ്റാര്‍ വിട്ടുപോയത്. ഐപിഎല്‍ തുങ്ങുന്നതിന് തൊട്ടു മുമ്പ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 42 ലക്ഷം ഉപയോക്താക്കളെ നഷ്ടമായപ്പോള്‍ ഐപിഎല്‍ കാലമായ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ 1.25 ഉപയോക്താക്കളാണ് ഹോട്സ്റ്റാറിനെ കൈവിട്ടതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐപിഎല്ലില്‍ നഷ്ടമായതിലൂടെ കൈവിട്ടുപോയ വരിക്കാരെ തിരിച്ചുപിടിക്കാന്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടൂര്‍ണമെന്റുകളിലൂടെ കഴിയുമെന്നാണ് ഹോട്സ്റ്റാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഐ പി എല്‍ സീസണ്‍ മുതലാണ് ബിസിസിഐ ടെലിവിഷന്‍ സംപ്രേഷണവകാശവും ഡിജിറ്റല്‍ സംപ്രേഷണവകാശവും വെവ്വേറെയായി ലേലലത്തില്‍ വെച്ചത്. 2023-2027 സീസണിലെ ഡിജിറ്റല്‍ സംപ്രേഷണവകാശം വയാകോം 23758 കോടി രൂപക്കാണ് സ്വന്തമാക്കിയത്. ടെലിവിഷന്‍ സംപ്രേഷണാവകാശം 23, 575 കോടി രൂപക്ക് ഡിസ്നി നിലനിര്‍ത്തിയിരുന്നു. 2017-2022 സീസണില്‍ 16,347.50 കോടി രൂപക്കായിരുന്നു ഡിജിറ്റല്‍ – ടിവി സംപ്രേഷണവകാശം ഡിസ്നി സ്വന്തമാക്കിയത്.

Top