ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് 8 വിക്കറ്റ് ജയവുമായി ഇന്ത്യ

ദുബായ്: ഏഷ്യന്‍ കപ്പിലെ ആവേശപോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 43.1 ഓവറില്‍ 162 റണ്‍സിനാണ് ഇന്ത്യ എറിഞ്ഞുവീഴ്ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ വിജയത്തിലെത്തി.

അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയുടെയും (52), ശിഖര്‍ ധവാന്റെയും (46) ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അനായസ ജയം നേടി കൊടുത്തത്. 31 റണ്‍സ് വീതം നേടിയ അമ്ബാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ 43.1 ഓവറില്‍ പാകിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവുമാണ് പാകിസ്ഥാനെ തകര്‍ത്തത്. ജസ്പ്രീത് ബുംറ രണ്ടും കുല്‍ദീപ് യാദവും ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.

പാക്കിസ്ഥാന്റെ ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖിനേയും (രണ്ട്) ഫകര്‍ സമാനെയും (പൂജ്യം) മടക്കി ഭുവനേശ്വറാണ് വിക്കറ്റിന് തുടക്കം കുറിച്ചത്. തുടക്കത്തിലേക്ക് വന്‍ തകര്‍ച്ചയിലേക്ക് പാകിസ്ഥാനെ അല്‍പ്പമെങ്കിലും കര കയറ്റിയത് മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മാലിക് (43), ബാബര്‍ അസം (47) കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

ഇരു ടീമുകളും ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെയാണ് തോല്‍പ്പിച്ചത്.

Top