എസ്‌ഐയുടെ കൊലപാതകം; പ്രതികള്‍ കേരളത്തിലേയ്ക്ക് കടന്നത് കറുത്ത കാറില്‍

പത്തനംതിട്ട: കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്ന് തമിഴ്‌നാട് പൊലീസ്. TN 57 AW 1559 എന്ന നമ്പരിലെ കാറാണ് കേരളത്തിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും തമിഴ്‌നാട് പൊലീസ് സന്ദേശമയച്ചിട്ടുണ്ട്.

കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വീഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 നമ്പരിലെ വാട്‌സാപ്പിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി കേരളത്തിലെത്തിയിട്ടുണ്ട്.

കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവര്‍ക്കായി സംസ്ഥാനമെമ്പാടും ഊര്‍ജിത തെരച്ചില്‍ നടത്തുകയാണ് കേരളാ പൊലീസ്. പ്രതികള്‍ക്ക് തീവ്രവാദബന്ധുണ്ടെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തേ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയില്‍ പൊലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെക്ക്‌പോസ്റ്റില്‍ കയറി വെടിവച്ച് കൊന്നിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് തമിഴ്നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എ.എസ്.ഐ വിന്‍സെന്റിനെ സിഗിംള്‍ ഡ്യൂട്ടി ചെക്ക്പോസ്റ്റിലെ ഡ്യൂട്ടിക്കിടെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്.

Top