ടി-20യില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോര്‍ഡ് ഇനി റെയില്‍വേയ്‌സിന്റെ മധ്യനിര താരം അശുതോഷ് ശര്‍മയ്ക്ക്

ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോര്‍ഡ് ഇനി റെയില്‍വേയ്‌സിന്റെ മധ്യനിര താരം അശുതോഷ് ശര്‍മയ്ക്ക്. 2007 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ ഫിഫ്റ്റി നേടിയ യുവരാജ് സിംഗിന്റെ റെക്കോര്‍ഡാണ് അശുതോഷ് തകര്‍ത്തത്. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ വെറും 11 പന്തുകളില്‍ അശുതോഷ് ഫിഫ്റ്റി തികച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോര്‍ഡും യുവരാജിനു നഷ്ടമായിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നേപ്പാള്‍ താരം ദീപേന്ദ്ര സിംഗ് അയ്രിയാണ് യുവിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. കഴിഞ്ഞ മാസം മംഗോളിയക്കെതിരെ ഏഷ്യന്‍ ഗെയിംസ് ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ വെറും 9 പന്തിലാണ് ദീപേന്ദ്ര സിംഗ് റെക്കോര്‍ഡ് കുറിച്ചത്.

15 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. പിന്നീട് 12 പന്തില്‍ 8 സിക്‌സും ഒരു ബൗണ്ടറിയും സഹിതം 53 റണ്‍സെടുത്താണ് താരം മടങ്ങിയത്. 11 പന്തില്‍ ഫിഫ്റ്റി തികച്ച താരം അടുത്ത പന്തില്‍ പുറത്തായി. അശുതോഷിന്റെ വിസ്‌ഫോടനാത്മക പ്രകടനത്തിന്റെ ബലത്തില്‍ അവസാന അഞ്ച് ഓവറില്‍ 115 റണ്‍സ് നേടിയ റെയില്‍വേയ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് ആണ് നേടിയത്. തുടര്‍ന്ന് അരുണാചല്‍ പ്രദേശിലെ 119 റണ്‍സിന് എറിഞ്ഞിട്ട അവര്‍ 127 റണ്‍സിനു വിജയിക്കുകയും ചെയ്തു.

 

 

Top