അഷ്‌റഫ് ഗാനിയുമായി ഭിന്നത: ആഭ്യന്തര, പ്രതിരോധ മന്ത്രിമാരും രാജിവെച്ചു

കാബൂള്‍: പ്രസിഡന്റ് അഷ്‌റഫ് ഗാനിയുമായുള്ള ശക്തമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അഫ്ഗാന്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരും മുതിര്‍ന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രാജിവെച്ചു. പ്രതിരോധ മന്ത്രി താറീഖ് ഷാ ബഹ്‌റാമി, ആഭ്യന്തര മന്ത്രി വായിസ് ബര്‍മാക്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനീഫ് അത്മര്‍, ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് തലവന്‍ മസൂം സ്താനെക്‌സായി എന്നിവരാണ് രാജിവച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ബാക്കി മൂന്നു പേരും രാജി വെച്ചത്.

രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായുടലെടുത്ത അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് നയിച്ചതെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തര്‍ക്കങ്ങള്‍ തുടരുകയും സമവായം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാജിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

താലിബാനും അഫ്ഗാന്‍ സുരക്ഷാ വിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടല്‍ അടുത്ത കാലത്തായി വര്‍ധിക്കുകയാണ്. കാബൂള്‍ അടക്കമുള്ള വന്‍നഗരങ്ങളില്‍ പോലും താലിബാന്‍ ആക്രമണങ്ങള്‍ സര്‍വസാധാരണമായിത്തീര്‍ന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജിവെച്ചത്.

അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഷ്‌റഫ് ഗാനിക്കെതിരെ മല്‍സര രംഗത്തിറങ്ങാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ച മുഹമ്മദ് ഹനീഫ് അത്മറിന് ഉദ്ദേശ്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതിനു മുന്നോടിയായാണ് രാജിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top