തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുന്‍ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വര്‍; ആംആദ്മി പാര്‍ട്ടിയിലേക്ക്

ന്യൂഡല്‍ഹി: നാല് മാസത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിച്ച് ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് തന്‍വര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരും. തിങ്കളാഴ്ച ഡല്‍ഹിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ സാന്നിദ്ധ്യത്തില്‍ അശോക് തന്‍വര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും.
ഒരിക്കല്‍ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനെന്ന് അറിയപ്പെട്ടിരുന്ന തന്‍വര്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായിരുന്നു. അതിന് ശേഷമാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തിയത്. പിന്നീട് കോണ്‍ഗ്രസ് വിട്ട തന്‍വര്‍ നവംബറിലാണ് തൃണമൂലില്‍ ചേര്‍ന്നത്. ഗോവയിലെ തൃണമൂലിന്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷനായിരുന്നു തന്‍വര്‍.

ഞായറാഴ്ച ഡല്‍ഹിയില്‍ തന്റെ അനുയായികളുടെ യോഗം തന്‍വര്‍ വിളിച്ചിരുന്നു. ഈ യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് നല്ല തീരുമാനമായിരിക്കും എന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമുണ്ടായത്.

പഞ്ചാബില്‍ വിജയം നേടിയതിന് പിന്നാലെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ആംആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് തന്‍വറിന്റെ വരവ്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തുടനീളം ജനങ്ങളുമായി തന്‍വറിന് ബന്ധമുണ്ടെന്നാണ് ആംആദ്മി പാര്‍ട്ടി വിലയിരുത്തുന്നത്.

Top