രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ഗഹ്ലോട്ട് രാജിവെക്കണമെന്ന് പാർട്ടി എംഎല്‍എ

ashok-gahlot

ജയ്പുര്‍: രാജസ്ഥാൻ കോൺഗ്രസിൽ രൂക്ഷ തർക്കത്തെ തുടർന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗഹ്ലോട്ട് സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം അശോക് ഗഹ്ലോട്ടിനെതിരെ പാര്‍ട്ടിക്കുള്ളിലുണ്ടായ തര്‍ക്കം രൂക്ഷമാക്കിക്കൊണ്ടാണ് പ്രഥ്വിരാജ് മീണ എംഎല്‍എ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അശോക് ഗഹ്ലോട്ടിന് സ്വാധീനം നഷ്ടപ്പെട്ടു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവണം. ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനാകും.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് സച്ചിന്‍ പൈലറ്റ് ആയിരുന്നെന്നും മീണ ചൂണ്ടിക്കാട്ടി. ഗുജ്ജാര്‍, ജാട്ട് സമുദായങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ അശോക് ഗഹ്ലോട്ടിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നേതൃത്വത്തിനെതിരെ ആരോപണവുമായി മന്ത്രമാരായ രമേഷ് മീണ, ഉദയ്‌ലാല്‍ അഞ്ജാന എന്നിവരും രംഗത്തെത്തി. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ആര്‍ക്കെന്ന കാര്യത്തില്‍ വ്യക്തതവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോധ്പുരില്‍ മത്സരിച്ച തന്റെ മകന്‍ വൈഭവ് ഗഹ്ലോട്ടിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റിനാണെന്ന് അശോക് ഗഹ്ലോട്ട് ആരോപിച്ചിരുന്നു. സച്ചിന്‍ പൈലറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ജോധ്പുരില്‍ വൈഭവ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.തന്റെ മകന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റിനാണെന്ന് അശോക് ഗഹ്ലോട്ട് പറഞ്ഞതോടെയാണ് കോൺഗ്രസിലെ സ്ഥിതി വഷളായത്.

Top