അശോക് മൈക്കല്‍ പിന്റോയെ ഐ.ബി.ആര്‍.ഡി പ്രതിനിധിയായി ട്രംപ് നാമനിര്‍ദേശം ചെയ്തു

വാഷിങ്ടണ്‍: ഇന്ത്യന്‍-അമേരിക്കക്കാരനായ അശോക് മൈക്കല്‍ പിന്റോയെ ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് പ്രതിനിധിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. നിലവില്‍ അമേരിക്കയുടെ ട്രഷറി അണ്ടര്‍ സെക്രട്ടറിയുടെ കൗണ്‍സിലറാണ് പിന്റോ.

ഐ.ബി.ആര്‍.ഡിയില്‍ അമേരിക്കയുടെ ആള്‍ട്ടര്‍നേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറായാണ് ഇദ്ദേഹം ചുമതല വഹിക്കുക. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ ഈ പദവിയില്‍ എറിക് ബെഥേലാണ്. നാമനിര്‍ ദേശം സെനറ്റ് അംഗീകരിച്ചാല്‍ പിന്റോ സ്ഥാനമേല്‍ക്കും.
സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബി.എയും ഇല്ലിനോയിസ് കോളജ് ഓഫ് ലോയില്‍ നിന്ന് ജെ.ഡിയും നേടിയ പിന്റോ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റും അസോസിയേറ്റ് കോണ്‍സലുമായിരുന്നു. സെനറ്റിലെ വാണിജ്യ, ശാസ്ത്ര, ഗതാഗത കമ്മിറ്റിയിലെ ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് കൗണ്‍സില്‍,പോളിസി ഡയറക്ടര്‍ തുടങ്ങി നിരവധി സുപ്രധാന ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

Top