ജൂലൈ 31 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്

ജയ്പൂര്‍: കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജൂലൈ 31 മുതല്‍ സഭ വിളിക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് ശുപാര്‍ശ ചെയ്തു. നിയമസഭാ സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ അയയ്ക്കുന്ന രണ്ടാമത്തെ ശുപാര്‍ശയാണിത്.

നേരത്തെ, സമ്മേളനം വിളിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. രാഷ്ട്രപതി ഭവനിലേക്കു പോകാനും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ സമരം നടത്താനും തയാറാണെന്നു നിയമസഭാ കക്ഷി യോഗത്തില്‍ ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.

രാജസ്ഥാന്‍ വിഷയത്തില്‍ ബിജെപിക്കെതിരെ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

Top