യുവത്വം ഒരിക്കലും അനുഭവജ്ഞാനത്തിന് പകരമാകില്ലെന്ന് അശോക് ഗെലോട്ട്

ഡൽഹി: യുവ നേതാക്കൾക്ക് സമയമാകുമ്പോൾ അവസരം ലഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. യുവത്വം ഒരിക്കലും അനുഭവജ്ഞാനത്തിന് പകരമാകില്ല. തങ്ങളുടെ സമയം എത്തുന്നതുവരെ യുവാക്കൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

കോൺഗ്രസിൽ തുടരുന്ന യുവ നേതാക്കൾ കഠിനാധ്വാനം ചെയ്യണം. കേന്ദ്ര നേതൃത്വം തനിക്കും മറ്റ് നേതാക്കൾക്കും അവസരം നൽകിയത് പോലെ യുവാക്കൾക്കും നൽകും. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ, ആർ.പി.എൻ സിംഗ്, ജിതിൻ പർസാദ തുടങ്ങിയ നേതാക്കളെ അവസരവാദികളെന്ന് വിളിച്ച അശോക് ഗെഹ്‌ലോട്ട്, ഇവരെല്ലാം ചെറുപ്പത്തിൽ തന്നെ കേന്ദ്രമന്ത്രിമാരായെന്നും ചൂണ്ടിക്കാട്ടി.

“കോൺഗ്രസ് വിട്ടവർ അവസരവാദികളാണ്. ചെറുപ്പത്തിൽ തന്നെ കേന്ദ്രമന്ത്രിമാരാകാൻ ഇത്തരക്കാർക്ക് അവസരം ലഭിച്ചു. ഒരു കഠിനാധ്വാനവുമില്ലാതെയാണ് അവർ അത് നേടിയെടുത്തത്. അതിപ്പോൾ ജ്യോതിരാദിത്യ സ്കിന്ധ്യാജി, ജിതിൻ പ്രസാദ്ജി, ആർ പി എൻ സിംഗ്ജി ആരുമാകട്ടെ”- ഗെലോട്ട് പറഞ്ഞു. കോൺഗ്രസിനുള്ളിൽ അസ്വാരസ്യം സൃഷ്ടിക്കുന്നവരെ കുറിച്ചുള്ള ചോദ്യത്തിന് ഗെഹ്‌ലോട്ടിന്റെ മറുപടി ഇങ്ങനെ.

“തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും വെല്ലുവിളികൾ നേരിട്ടപ്പോഴും ഞങ്ങൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നതാണ് അവർക്കുള്ള സന്ദേശം. നല്ല നാളുകൾ വരുമ്പോൾ അവസരങ്ങൾ അവരെ തേടിയെത്തും. ഇപ്പോഴും കോൺഗ്രസിൽ തുടരുന്നവർക്ക് എന്റെ ആശംസകൾ.”

Top