ഗഹ്ലോത്തിന്റെ യോഗത്തില്‍ 102 എംഎല്‍എമാര്‍; സച്ചിനായി വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന്

ASHOK-GHELOT

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. തനിക്കൊപ്പമുള്ള 102 എം.എല്‍.എമാരുമായി യോഗം ചേര്‍ന്ന് അദ്ദേഹം ശക്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഒരു വിഭാഗം എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തെറ്റിപ്പിരിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്താനും പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരവിന് വഴിയൊരുക്കാനും തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയുംചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയോടെയാണ് ഗഹ്ലോത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചുകൂട്ടിയത്. യോഗത്തില്‍ 102 എംഎല്‍എമാര്‍ പങ്കെടുത്തു. എന്നാല്‍ എത്തിച്ചേരാതിരുന്ന അംഗങ്ങളില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ 101 പേരാണ് മന്ത്രിസഭ നിലനിര്‍ത്താന്‍ ആവശ്യമുള്ളത്.

സച്ചിന്‍ പൈലറ്റ് യോഗത്തില്‍ പങ്കെടുത്തില്ല. 30 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിരുന്നതെങ്കിലും പത്തില്‍ താഴെ പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സച്ചിന്‍ പൈലറ്റിനും മറ്റ് എംഎല്‍മാര്‍ക്കുമായി കോണ്‍ഗ്രസിന്റെ വാതില്‍ തുറന്നുകിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

Top