സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അശോക് ഗെലോട്ട്

ashok-gahlot

ന്യൂഡല്‍ഹി : നിലവിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള യഥാര്‍ത്ഥ പ്രശ്‌നത്തെ കാര്യമായി ഗൗനിക്കുന്നില്ല. പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കം രാഷ്ട്രീയ കുടിപ്പകയാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും വോട്ട് നല്‍കി അധികാരത്തിലെത്തിച്ച അവര്‍ക്ക് അധികാരത്തില്‍ നിന്ന് താഴെയിറക്കാനും കഴിയുമെന്നും ഗെലോട്ട് അറിയിച്ചു.

റിയല്‍ എസ്റ്റേറ്റ് രംഗത്തും ഓട്ടോമൊബൈല്‍ മേഖലയിലുമുള്ള തകര്‍ച്ച തിരിച്ചറിയുമ്പോഴും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മോദി സര്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നില്ല. നോട്ടുനിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്ന് വ്യവസായ മേഖല ഇപ്പോഴും മുക്തരായിട്ടില്ല. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂര്‍വമായ സമ്മര്‍ദ്ദമാണ് രാജ്യത്തിന്റെ ധനകാര്യ മേഖലയില്‍ കാണാന്‍ കഴിയുന്നതെന്ന് നീതി ആയോഗ് തന്നെ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്നും ഗെലോട്ട് വ്യക്തമാക്കി.

Top