ഗെലോട്ടും സച്ചിനും ഡൽഹിയിലെ ഖർഗെയുടെ വസതിയിൽ; നിർണായക ചർച്ചകൾ

ന്യൂഡൽഹി : രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരുതീർക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണു ചർച്ച പുരോഗമിക്കുന്നത്. ഖർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ രണ്ടു മണിക്കൂർ ഗെലോട്ടുമായി ചർച്ച നടത്തി. നിലവിൽ ചർച്ചയിൽ പങ്കുചേരുന്നതിനായി സച്ചിൻ പൈലറ്റും ഖർഗെയുടെ വസതയിലെത്തി.

രാഹുൽ യുഎസ് സന്ദർശനത്തിനു തിരിക്കുന്നതിനുമുൻപു പ്രശ്നം പരിഹരിക്കാനാണു ഹൈക്കമാൻഡിന്റെ ശ്രമം. വർഷാവസാനം സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇരു നേതാക്കൾക്കുമിടയിൽ അനുരഞ്ജനമുറപ്പിക്കുകയാണു ലക്ഷ്യം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും.

ഉപമുഖ്യമന്ത്രി, പിസിസി പ്രസി‍ഡന്റ് സ്ഥാനങ്ങൾ നഷ്ടപ്പെട്ട തനിക്കു സംസ്ഥാനത്തു മാന്യമായ പദവി നൽകണമെന്നാണു സച്ചിന്റെ ആവശ്യം. 2020ൽ ഏതാനും എംഎൽഎമാർക്കൊപ്പം സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച സച്ചിനു പദവി നൽകുന്നത് അംഗീകരിക്കില്ലെന്നാണു ഗെലോട്ടിന്റെ വാദം. സച്ചിനെ വീണ്ടും പിസിസി പ്രസിഡന്റാക്കണമെന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ ആവശ്യപ്പെടുന്നു. മികച്ച സംഘാടകനായ സച്ചിൻ പാർട്ടിയെ നയിക്കുന്നതാണ് ഉചിതമെന്നാണ് ഇവരുടെ വാദം.

ദേശീയ നേതൃത്വത്തിൽ പദവി നൽകാൻ ഹൈക്കമാൻഡ് തയാറാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനാണു സച്ചിനു താൽപര്യം. ഇതിനിടെ, പുതിയ പിസിസി സെക്രട്ടറിമാരെ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം നിയമിച്ചു. ഇതിൽ ഗെലോട്ട് അനുകൂലികൾക്കാണു ഭൂരിപക്ഷം. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ പൂർണമായി ഒതുക്കാനുള്ള ഗെലോട്ടിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണു സച്ചിൻ. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള തന്നെ പിണക്കാൻ ഹൈക്കമാൻഡിനാകില്ലെന്ന ആത്മവിശ്വാസത്തിലാണു ഗെലോട്ട്.

Top