പ്രശസ്ത സാഹിത്യകാരി അഷിത അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൃശൂർ പഴയന്നൂർ സ്വദേശിയാണ്. മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകളിൽ നിർണായക സ്വാധീനമുണ്ടായിരുന്നു അഷിതക്ക്. ഇടശ്ശേരി, ബഷീർ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍,അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവെച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5നായിരുന്നു അഷിതയുടെ ജനനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസിൽ നിന്നും അഷിത ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചു.

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്കാരം, ലളിതാംബിക അന്തർജനം സ്മാരക സാഹിത്യ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അഷിതയെ തേടിയെത്തിയിട്ടുണ്ട്.

Top