ആശിഷ് നെഹ്റ ദേശീയ ടീമിലേക്ക്? ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങുമെന്ന് സൂചന

മുംബൈ: ഐപിഎല്‍ 2024 സീസണിന് തുടക്കം കുറിക്കാനിരിക്കെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ടീം മാറ്റം ചര്‍ച്ചയാവുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായ ഹാര്‍ദിക് തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നവംബര്‍ 26-ാം തിയതി ഐപിഎല്‍ ട്രേഡ് വിന്‍ഡോ അവസാനിക്കുമ്പോഴാണ് ഇക്കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കുക.

ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കരിയറിന് തുടക്കം കുറിച്ചത് മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. 2015 മുതല്‍ 2021 വരെ മുംബൈ ഫ്രാഞ്ചൈസിയില്‍ കളിച്ച് മികച്ച റെക്കോര്‍ഡുണ്ടായിട്ടും താരത്തെ 2022ലെ മെഗാ താരലേലത്തിന് മുമ്പ് ടീം ഒഴിവാക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസിയില്‍ ചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റനാവുകയും 2022ലെ ആദ്യ സീസണില്‍ തന്നെ കപ്പുയര്‍ത്തുകയും ചെയ്തു. 2023ലെ രണ്ടാം സീസണില്‍ റണ്ണേഴ്സ് അപ്പാവാനും ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ടൈറ്റന്‍സിനായി. ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും, 53 റണ്‍സും ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ ആശിഷ് നെഹ്റ ദേശീയ ടീമിലേക്ക് പോയേക്കും എന്ന അഭ്യൂഹവും ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ട്. നെഹ്റ ടൈറ്റന്‍സ് വിടുമെങ്കില്‍ ഹാര്‍ദിക്കും ഫ്രാഞ്ചൈസിയോട് വിട പറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സൂചന സത്യമെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ഉടമകളുമായി നല്ല ബന്ധമുള്ള ഹാര്‍ദിക്കിന്റെ മടങ്ങിവരവ് അനായാസം നടന്നേക്കും. മുംബൈ ഇന്ത്യന്‍സിനൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ കിരീടം നേടിയിട്ടുണ്ട്.

Top