ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്ര റിമാന്റില്‍, അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടതായാണ് വിവരം. അജയ് മിശ്രയുടെ രാജിയാണ് ആവശ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ റിമാന്‍ഡില്‍ വിട്ടിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ആശിഷ് മിശ്രയയെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആശിഷ് മിശ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

അതേസമയം, പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ആശിഷ് മിശ്രയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. തുടര്‍ന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ആശിഷ് മിശ്രയെ ലഖിംപൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.

Top