ലഖിംപുര്‍ ഖേരി സംഭവം: ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന്‍ ആശിഷ് മിശ്ര ടേനി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്ന് മണി വരെയാണ് ഉത്തര്‍പ്രദേശ് പൊലീസ്, മന്ത്രിയുടെ മകന് സമയം നല്‍കിയിരിക്കുന്നത്. ആശിഷ് മിശ്ര ടേനി ലഖിംപൂര്‍ ഖേരിയിലെ വീട്ടില്‍ തന്നെയുണ്ടെന്നും, ഇന്ന് ഹാജരാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ കേന്ദ്രമന്ത്രി ലഖിംപൂര്‍ ഖേരിയിലെ വീട്ടിലെത്തി.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക് മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയതാണ് കേസ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേന്ദ്രമന്ത്രിയുടെ മകനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആശിഷ് അടക്കമുള്ള കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു നിരാഹാര സമരം തുടരുകയാണ്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വീട്ടിലാണ് സിദ്ദു നിരാഹാരമിരിക്കുന്നത്. ഇതിനിടെ, ഇന്നലെ രാത്രി ലഖിംപൂര്‍ ഖേരി മേഖലയിലെ ഇന്റര്‍നെറ്റ് വീണ്ടും വിച്ഛേദിച്ചു.

Top